This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലഫ്, ആര്‍തര്‍ ഹ്യൂ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലഫ്, ആര്‍തര്‍ ഹ്യൂ

Clough, Arthur Hugh (1819 - 61)

ഇംഗ്ലീഷ് കവി. 1819 ജനു. 1-ന് ലിവര്‍പൂളില്‍ ജനിച്ചു. ബാല്യകാലം യു.എസ്സില്‍ ചെലവഴിച്ചതിനുശേഷം റഗ്ബി സ്കൂളില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1837-ല്‍ ഓക്സ്ഫഡില്‍ ചേര്‍ന്നു. പൗരോഹിത്യം സ്വീകരിക്കാനാഗ്രഹിച്ചെങ്കിലും പള്ളിയുടെ നിയമങ്ങള്‍ ഇഷ്ടപ്പെടാത്തതിനാല്‍, 1848-ല്‍ ഒറിയല്‍ കോളജിലെ ഫെലോഷിപ്പ് ഉപേക്ഷിച്ചു. ഓക്സ്ഫഡില്‍വച്ച് മാത്യൂ ആര്‍നോള്‍ഡുമായി പരിചയപ്പെട്ടു. കാര്‍ഡിനല്‍ ന്യൂമാന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന 'ഓക്സ്ഫഡ് മൂവ്മെന്റ്' എന്ന മതമൗലികവാദപ്രസ്ഥാനം ശക്തിപ്രാപിച്ചതോടെ അവിടത്തെ അന്തരീക്ഷം കലുഷിതമാവുകയും ഓക്സ്ഫഡിനോടു ക്ലഫ് വിടപറയുകയും ചെയ്തു. തുടര്‍ന്ന് 1849-ല്‍ ലണ്ടനിലെ യൂണിവേഴ്സിറ്റി ഹാളിന്റെ പ്രിന്‍സിപ്പലായി; അമേരിക്കയില്‍ പര്യടനം നടത്തി. 1854-ല്‍ ഇംഗ്ലണ്ടില്‍ മടങ്ങിവന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസ ഓഫീസുകളുടെ പരിശോധകനായി സേവനമനുഷ്ഠിച്ചു. ഫ്ളോറന്‍സ് നൈറ്റിങ്ഗെയ്ലിന്റെ മനുഷ്യസ്നേഹപരമായ പ്രവൃത്തികളെ ഇദ്ദേഹം സഹായിച്ചു.

കലാശാലാ ജീവിതത്തിനിടയ്ക്കുതന്നെ ക്ലഫ് കവിതാ രചനയിലേര്‍പ്പെട്ടിരുന്നു. മാത്യു ആര്‍നോള്‍ഡുമായുള്ള സഹവാസം കാവ്യാഭ്യസനത്തില്‍ പരസ്പരം സഹായകമായി. ആത്മീയമായ സന്ദേഹങ്ങളും വികാരതരളിതമായ ഹൃദയത്തിലെ നൊമ്പരങ്ങളും ചിത്രീകരിക്കുമ്പോള്‍ ക്ലഫിന്റെ കാവ്യങ്ങള്‍ വിഷാദാത്മകമായിത്തീരുന്നു. കവിയുടെ പ്രക്ഷുബ്ധമായ ചേതനയും ആ കാലഘട്ടത്തിലെ ധൈഷണിക തലങ്ങളും പ്രതിഫലിപ്പിക്കുന്ന കൃതിയാണ് അമൂര്‍ ദ് വോയാഷ് (Amour de voyage, 1858), വിഷാദാത്മകത്വം തീരെ അനുഭവപ്പെടാത്ത രചനയാണ്. പ്രകൃതിയുടെ പ്രസന്നഭാവങ്ങള്‍ വെളിപ്പെടുത്തുന്ന ദ് ബോഥീ ഒഫ് റ്റോബര്‍നാ വിയോലീഷ് (The Bothie of Tobre-na-Vuolich, 1848), 'സേ നോട്ട് ദ സ്ട്രഗ്ള്‍ നോട്ട് അവെയ്ലത്തു' തുടങ്ങി ഏതാനും ഭാവഗാനങ്ങളും രചിച്ചിട്ടുണ്ട്. ഇറ്റലിയിലേക്കുള്ള യാത്രാമധ്യേ 1861 നവ. 13-ന് ഫ്ളോറന്‍സില്‍ ക്ലഫ് അന്തരിച്ചു.

ആര്‍തര്‍ ഹ്യൂ ക്ലഫിന്റെ നിര്യാണത്തെത്തുടര്‍ന്ന് ആത്മമിത്രമായിരുന്ന മാത്യു ആര്‍നോള്‍ഡെഴുതിയ വിലാപകാവ്യമാണ് തേഴ്സിസ്. ക്ലഫിന്റെ രചനകള്‍ പോയംസ് (1862) എന്ന പേരില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്.

(എ.ബി. രഘുനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍